ഗുരുവായൂർ ക്ഷേത്രപരിസരത്ത് ‘ഈദ് മുബാറക്’ എന്ന് പുറംകവറിൽ എഴുതിയ മിഠായി വിതരണം; അന്വേഷണം

ക്ഷേത്രപരിസരത്ത് നിന്ന് ‘ഈദ് മുബാറക്’ എന്ന് എഴുതിയ മിഠായി കവർ ലഭിച്ചതിനെ തുടർന്ന് ഉയർന്ന ആശങ്കകൾക്ക് പിന്നാലെ വ്യാപക പരിശോധന നടത്തി പൊലീസും ദേവസ്വവും. എന്നാൽ നടത്തിയ വിശദമായ അന്വേഷണത്തിൽ സംശയാസ്പദമായ യാതൊരു കാര്യവും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 21ന് ക്ഷേത്രത്തിനു പുറത്തു ഒരു കുട്ടിയുടെ കയ്യിൽ കണ്ട മിഠായി കവർ, തമിഴ്നാട് സ്വദേശിയായ ഒരു ഭക്തയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് കൈമാറിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷേത്രപരിസരത്ത് ആരെങ്കിലും മിഠായി വിതരണം നടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാൻ ദേവസ്വവും പൊലീസും സംയുക്തമായി നീങ്ങുകയായിരുന്നു. ക്ഷേത്രമാകെ പരിശോധിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ വ്യക്തമാക്കി.
അതേസമയം, അതേ ദിവസം തന്നെ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ ചുറ്റിത്തിരിഞ്ഞിരുന്ന ഒരാളെ സംബന്ധിച്ചും പൊലീസ് നടപടി സ്വീകരിച്ചു. മാനസിക വെല്ലുവിളി നേരിടുന്നതായി സംശയിക്കുന്ന കശ്മീർ സ്വദേശിയായ താരിഖ് അൻവർ എന്നയാളെ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇയാളെ കാണാനില്ലെന്ന് കശ്മീരിലെ നൗഖാം പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നുവെന്നും പിന്നീട് വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കേരളത്തിലേക്ക് തിരിച്ചതായും പൊലീസ് അറിയിച്ചു.
ഇതിനിടെ, ക്ഷേത്രസുരക്ഷയിൽ വീഴ്ച ഉണ്ടായതായും ‘ഈദ് മുബാറക്’ എഴുതിയ മിഠായി കശ്മീരി സ്വദേശി ക്ഷേത്രത്തിൽ വിതരണം ചെയ്തതായി വിവരം ലഭിച്ചതായും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ സത്യാവസ്ഥ ജനങ്ങളോട് തുറന്നുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



