ബുർഖ ധരിച്ച് പൂട്ടിയിട്ട വീടുകളിൽ മോഷണം… യുവതി അറസ്റ്റിൽ

ഹൈദരാബാദ്: പൂട്ടിയിട്ട വീടുകളിൽ ബുർഖ ധരിച്ച് കയറി മോഷണം നടത്തിയ യുവതി അറസ്റ്റിൽ. പാഗ ജയ (25) എന്ന യുവതിയെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം, സ്വർണാഭരണങ്ങൾ, ഐഫോൺ എന്നിവയുൾപ്പെടെ ഏകദേശം 70 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചെന്നാണ് കേസ്. അഞ്ച് മോഷണക്കേസുകളിൽ യുവതിക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണം നടത്താനുള്ള തന്ത്രങ്ങൾ യുവതി പഠിച്ചത് ഇന്റർനെറ്റിലൂടെയാണെന്നാണ് പൊലീസ് പറയുന്നത്.

ഭർത്താവ് പോലും അറിയാതെയായിരുന്നു മോഷണത്തിനായുള്ള തയ്യാറെടുപ്പുകൾ. മോഷണത്തിനിടെ തിരിച്ചറിയപ്പെടാതിരിക്കാനും പിടിയിലാകാതിരിക്കാനുമാണ് ബുർഖ ധരിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പൂട്ടിയിട്ട വീടുകളിൽ മോഷണത്തിന് ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കറുത്ത നീളൻ ബുർഖയും മുഖവും തലയും മറയ്ക്കുന്ന വസ്ത്രവും കറുത്ത കൈയുറകളും ധരിച്ചാണ് യുവതി എത്തിയിരുന്നത്. ഇളം നീല നിറത്തിലുള്ള ബാഗും കൈവശമുണ്ടായിരുന്നു. ഒരു കെട്ടിടത്തിലെ പൂട്ടിയിട്ട വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ആഡംബര ജീവിതം നയിക്കാനുള്ള പണം കണ്ടെത്തുന്നതിനായാണ് യുവതി മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ, വെള്ളിയാഭരണങ്ങൾ, പണം, ഐഫോൺ 17 എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 70 ലക്ഷം രൂപ വരും. ഇതിനിടെ, 20 ദിവസത്തിനിടെ പത്ത് മോഷണങ്ങൾ നടത്തിയെന്ന കേസിൽ നവീൻ എന്ന മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 430 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു. രണ്ട് കേസുകളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button