പിഎസ്‌സി ഡിവൈഎസ്‌പി റിക്രൂട്ട്‌മെന്റ്… മുൻ എസ്‌എഫ്‌ഐ നേതാവിനെതിരെ മുഖ്യമന്ത്രിക്ക്…

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ ഡിവൈഎസ്‌പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) സ്പെഷൽ റിക്രൂട്ട്‌മെന്റിൽ മുൻ എസ്‌എഫ്‌ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകിയെന്നാരോപിച്ച് പരാതി. മുൻ എസ്‌എഫ്‌ഐ നേതാവ് കെ.ജെ. ജിതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. ജിതിന് പരിശീലനത്തിനുള്ള അനുമതിയും നിയമന ഉത്തരവും നൽകുന്നത് തടയണമെന്നാണ് പരാതിയിലെ ആവശ്യം.

പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ പ്രധാന ലിസ്റ്റിൽ പോലും ഉൾപ്പെടാതിരുന്ന വ്യക്തിക്ക് ഡിവൈഎസ്‌പി സ്പെഷൽ റിക്രൂട്ട്‌മെന്റിൽ ഒന്നാം റാങ്ക് ലഭിച്ചത് സംശയാസ്പദമാണെന്ന് കമ്മിറ്റി ആരോപിക്കുന്നു. മൂന്നാം ക്ലാസോടെ ബികോം പാസായ ജിതിന് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിച്ചെന്നും സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ്, ഗവൺമെന്റ് ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളെ പിന്തള്ളിയാണ് ഒന്നാം റാങ്ക് നേടിയതെന്നും പരാതിയിൽ പറയുന്നു. എറണാകുളം ജില്ലയിലെ വിവിധ കോളജ് പ്രിൻസിപ്പൽമാരെ കയ്യേറ്റം ചെയ്തതും മദ്യപിച്ച് വാഹനമോടിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ ജിതിനെതിരെ എഫ്‌ഐആറുകളുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു. ഈ ആരോപണങ്ങളിൽ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണമെന്നാണ് പരാതിയുടെ ആവശ്യം.

2025 സെപ്റ്റംബറിലാണ് ഡിവൈഎസ്‌പി തസ്തികയിലേക്കുള്ള സ്പെഷൽ റിക്രൂട്ട്‌മെന്റിന് ഏകദേശം 17,000 പേരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 25ന് എഴുത്തുപരീക്ഷ നടത്തി. 2026 മാർച്ച് 26ന് കായികക്ഷമതാ പരീക്ഷയും ഏപ്രിൽ 26ന് 35 പേരുടെ അഭിമുഖവും പൂർത്തിയാക്കി. മേയ് ആറിനാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഉദ്യോഗാർഥികളെ പിന്നിലാക്കാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റിയുടെ മറ്റൊരു ആരോപണം.

Related Articles

Back to top button