“സങ്കീർത്ഥ്” ആയി വന്ന് സ്വർണം തട്ടി… 2.6 ലക്ഷം നൽകാതെ മുങ്ങി യുവാവ്….

കോഴിക്കോട്: ചാത്തമംഗലം സ്വദേശി പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ എന്ന ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് (25) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ‘സങ്കീർത്ഥ്’ എന്ന പേരിൽ ജ്വല്ലറിയിലെത്തിയ അഭിഷേക്, ഉടമയെ വാക്കാൽ പറഞ്ഞു വിശ്വസിപ്പിച്ചാണ് സ്വർണം വാങ്ങിയത്.
ഏകദേശം 8.080 ഗ്രാം, 12.090 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകളാണ് ഇയാൾ ജ്വല്ലറിയിൽ നിന്ന് വാങ്ങിയത്. ഉടമ പണത്തിനായി ബന്ധപ്പെട്ടപ്പോൾ മറ്റൊരാളുടെ ഗൂഗിൾ പേ വഴി 49,500 രൂപ നൽകി വിശ്വാസം നേടിയെടുത്തു. എന്നാൽ ബാക്കിയുള്ള 2,60,500 രൂപ നൽകാൻ തയ്യാറാകാതെ ഇയാൾ പിന്നീട് മുങ്ങി നടക്കുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് വ്യക്തമായത്. ഫറോക്ക്, പന്നിയങ്കര, താമരശ്ശേരി, മട്ടന്നൂർ, കണ്ണൂർ, വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി തട്ടിപ്പ് കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമാന രീതിയിൽ ഇയാൾ മറ്റ് ജ്വല്ലറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.



