സ്‌കൂൾ പണിയാൻ 800 വർഷം പഴക്കമുള്ള ക്ഷേത്രം ഇടിച്ചുനിരത്തി….

ഖനപുർ മണ്ഡലത്തിലെ അശോക് നഗർ ഗ്രാമത്തിലുള്ള ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് സർക്കാർ പദ്ധതിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തത്. ഇൻ്റഗ്രേറ്റഡ് സ്‌കൂൾ നിർമ്മാണത്തിനായി പ്രദേശം വൃത്തിയാക്കുന്നതിനിടെയായിരുന്നു ഈ നടപടി. കകതീയ രാജാവായിരുന്ന ഗണപതി ദേവ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. വാസ്തുവിദ്യാ പരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള നിർമ്മിതിയായിരുന്നു ഇത്.

ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ അത് അവഗണിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്. നിധി വേട്ടക്കാർ മുൻപ് ഇവിടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും സർക്കാർ സംരക്ഷണം നൽകിയിരുന്നില്ല. 30 ഏക്കർ സ്ഥലത്ത് നടപ്പിലാക്കുന്ന ഇൻ്റഗ്രേറ്റഡ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ ക്ഷേത്രം തകർത്തത്.

ക്ഷേത്രം തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ വാറങ്കൽ ജില്ലാ കളക്ടർ സത്യ ശാരദയും നർസംപേട് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും സ്ഥലം സന്ദർശിച്ചു. ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് എംഎൽഎ സമ്മതിച്ചു. തകർത്ത ശിവക്ഷേത്രം സ്‌കൂൾ പദ്ധതിക്കൊപ്പം തന്നെ പുനർനിർമ്മിക്കുമെന്നും അവിടെ സരസ്വതി ദേവിയുടെ പ്രതിഷ്ഠ കൂടി നടത്തുമെന്നും എംഎൽഎ ജനങ്ങൾക്ക് ഉറപ്പ് നൽകി.

Related Articles

Back to top button