തുവ്വൂരിൽ ട്രെയിനിന് മുകളിലേക്ക് മേൽപ്പാലത്തിന്റെ ഭിത്തി ഇടിഞ്ഞുവീണു…. ഒഴിവായത് വൻ ദുരന്തം

മലപ്പുറം: നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേ പാതയിൽ ഓടിക്കൊണ്ടിരുന്ന മെമു ട്രെയിനിന് മുകളിലേക്ക് മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെ തുവ്വൂർ കമാനം മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. ട്രെയിൻ വേഗത കുറച്ച് സഞ്ചരിച്ചിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

പുലർച്ചെ തുവ്വൂർ കമാനം പാലത്തിലൂടെ മെമു കടന്നുപോകുമ്പോഴാണ് മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി പാളത്തിലേക്കും ട്രെയിനിന് മുകളിലേക്കും ഇടിഞ്ഞുവീണത്. കല്ലുകൾ വീണ് ട്രെയിനിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പാളത്തിലെ മണ്ണും കല്ലുകളും നീക്കം ചെയ്തു. തുടർന്ന് രാവിലെ 7.45-ഓടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. അപകടത്തെത്തുടർന്ന് നിലമ്പൂർ-ഷൊർണ്ണൂർ മെമു ഒന്നര മണിക്കൂറിലധികം തടസ്സപ്പെട്ടു. 5.15-ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം വൈകി 7.45-നാണ് കടന്നുപോയത്.

റെയിൽപാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് തുവ്വൂർ കമാനം മേൽപ്പാലം നവീകരിച്ചത്. എന്നാൽ സംരക്ഷണഭിത്തി നിർമ്മാണത്തിൽ അപാകതയുണ്ടെന്നും ഇത് അപകടഭീഷണിയാണെന്നും നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. നിർമ്മാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ ഭിത്തി ഇടിഞ്ഞുവീണത് അധികൃതരുടെ വീഴ്ചയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Related Articles

Back to top button