ആന്ധ്രയിൽ നിന്ന് ആഡംബര കാറിൽ കഞ്ചാവ് കടത്ത്…. അതിർത്തിയിൽ പിന്തുടർന്ന് പിടികൂടി ഡാൻസാഫ്

തിരുവനന്തപുരം: ആന്ധ്രപ്രദേശിൽ നിന്ന് വൻതോതിൽ കഞ്ചാവുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ അതിർത്തിയിൽ വച്ച് ലഹരി വിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) സാഹസികമായി പിടികൂടി. കുറ്റിച്ചൽ മണ്ണൂർകര അരികിൽ എം.വി. ഹൗസിൽ പ്രശാന്ത് (38) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഏഴര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ആഡംബര കാറിന്റെ സീറ്റിനടിയിൽ ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതി കഞ്ചാവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം പ്രതിയെ പിന്തുടരുകയായിരുന്നു. തിരുവനന്തപുരം അതിർത്തിയിൽ വച്ചാണ് സിനിമയെ വെല്ലുന്ന രീതിയിൽ കാർ തടഞ്ഞുനിർത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ രാത്രികാല ലഹരി വിപണി ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. നഗരത്തിൽ രാത്രികാലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപന സംഘങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.



