ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം… പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയ കേസിൽ പ്രതി സജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുങ്കണ്ടം കോടതിയുടേതാണ് ഉത്തരവ്. നിലവിൽ ജയിലിലേക്ക് മാറ്റിയ പ്രതിയെ മെയ് നാലാം തീയതിക്ക് ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.

അമ്മ മേരിക്കുട്ടി, മകൻ റെജി എന്നിവരെയാണ് ഇളയ മകൻ സജി ക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് തർക്കവും തന്റെ വിവാഹത്തെ ഇവർ എതിർത്തതുമാണ് കൊലപാതകത്തിന് കാരണമെന്ന് സജി പോലീസിന് മൊഴി നൽകി. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. അമ്മ മേരിക്കുട്ടിയുടെ മുഖത്ത് ഇടിക്കുകയും ഭിത്തിയിലേക്ക് വലിച്ചെറിയുകയും ചെയ്താണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ രണ്ട് ദിവസം ഗ്രീൻ നെറ്റിൽ പൊതിഞ്ഞ് വീടിനുള്ളിൽ തന്നെ സൂക്ഷിച്ചു. മൂന്നാം ദിവസമാണ് പുറത്ത് കുഴിച്ചുമൂടിയത്. ഇതിന് ശേഷവും ദിവസങ്ങളോളം സജി ഇതേ വീട്ടിൽ തന്നെ താമസിച്ചിരുന്നു എന്നത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ നടുക്കുന്നു.

അമ്മയെയും മകനെയും കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സജി ഒളിവിൽ പോയത്. വീടിന് സമീപത്തെ മലമുകളിൽ ഒളിച്ചിരുന്ന ഇയാളെ ഡ്രോണും പോലീസ് നായയെയും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. 2018-ൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലും പോലീസിന് ഇപ്പോൾ സംശയമുണ്ട്. സജിയുടെ സ്വഭാവം മുൻനിർത്തി ഈ കേസിലും വിശദമായ തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സജി ഒറ്റയ്ക്കാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Related Articles

Back to top button