മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം… ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം തകർത്തെറിഞ്ഞ മുണ്ടക്കൈ മേഖലയിൽ വീണ്ടും വ്യാപക മോഷണം. ദുരന്തബാധിതർ ഉപേക്ഷിച്ചു പോയ വീടുകളിൽ നിന്നാണ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും അടക്കമുള്ളവ മോഷ്ടാക്കൾ കവരുന്നത്. മുണ്ടക്കൈ ഗവ. എൽപി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുൽത്താന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്.
സുൽത്താന്റെ വീട്ടിൽ നിന്ന് കട്ടിൽ, അലമാര, ജനൽ പാളികൾ, വാഷ് ബേസിൻ, ഷവർ എന്നിവയുൾപ്പെടെ ഏകദേശം 1.50 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. പുതിയ ടൗൺഷിപ്പിലേക്ക് മാറുമ്പോൾ ഉപയോഗിക്കാൻ സൂക്ഷിച്ചു വെച്ചിരുന്ന ഫർണിച്ചറുകൾ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം സുൽത്താൻ അറിഞ്ഞത്. ഇദ്ദേഹത്തിന്റെ പരാതിയിൽ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ മോഷണം റിപ്പോർട്ട് ചെയ്തിരുന്നു. മുണ്ടക്കൈ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്ന് പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവയാണ് അന്ന് നഷ്ടപ്പെട്ടത്. കൂടാതെ ദുരന്തമേഖലയിലെ തോട്ടങ്ങളിൽ നിന്ന് കാർഷിക വിളകൾ മോഷണം പോകുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
നിലവിൽ മുണ്ടക്കൈ മേഖല ‘നോ ഗോ സോൺ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൂരൽമല ടൗണിൽ പോലീസിന്റെ കർശന പരിശോധന നടക്കുന്നുണ്ട്. പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ പാസ് നിർബന്ധമാണ്. നാട്ടുകാർക്ക് പോലും ആധാർ കാർഡ് ഹാജരാക്കിയാലേ ഉള്ളിലേക്ക് പ്രവേശനമുള്ളൂ. ഇത്രയും കടുത്ത സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കെ മോഷണം തുടരുന്നത് പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
മോഷണത്തിനായി പ്രത്യേക സംഘം തന്നെ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വീട്ടുടമസ്ഥരുടെ ആരോപണം. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും ദുരന്തബാധിതർ ആവശ്യപ്പെടുന്നു.



