കുതിരാൻ വീണ്ടും അപകടഭീതിയിൽ.. തുരങ്കമുഖത്ത്…

തൃശൂർ: മണ്ണിടിച്ചിൽ ഭീഷണി തുടരുന്ന സാഹചര്യത്തിൽ കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കുതിരാൻ തുരങ്കത്തിന് ഏകദേശം 60 മീറ്റർ മുകളിലായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ, എംഎൽഎ, മന്ത്രി തുടങ്ങിയവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും വിശദമായ പരിശോധനയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ തുരങ്കത്തിന് മുകളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിന് മുകളിൽ അപകടകരമായ രീതിയിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് തുരങ്കമുഖത്ത് നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഭീഷണി ഒഴിവാക്കുന്നതിനായി അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുനീക്കുകയും പാറക്കെട്ടുകൾ ബലപ്പെടുത്തുകയും ചെയ്ത് സംരക്ഷണ സംവിധാനം ഒരുക്കണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ നിർദേശം. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.




