പാലായിലെ 4 വിമത കൗൺസിലർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ….

കോട്ടയം: പാലാ നഗരസഭയിലെ വിപ്പ് ലംഘന പരാതിയിൽ നാല് കോൺഗ്രസ് വിമത കൗൺസിലർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പരാതികളിൽ വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം. പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുലിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നോട്ടീസ്.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് വിമത കൗൺസിലർമാർ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റ് കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. നോട്ടീസ് ലഭിച്ചവർ കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകണം. പരാതിക്കാരുടെയും എതിർകക്ഷികളുടെയും വാദം കേട്ട ശേഷമായിരിക്കും കമ്മീഷന്റെ തുടർനടപടി. പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി മായാ രാഹുലിനെ ചെയർപേഴ്സണായി തിരഞ്ഞെടുത്തിരുന്നു. എൽഡിഎഫും കോൺഗ്രസ് വിമത കൗൺസിലർമാരും ഒന്നിച്ചതോടെയാണ് മായാ രാഹുലിന് ഭൂരിപക്ഷം ലഭിച്ചത്.

26 അംഗ കൗൺസിലിൽ മായാ രാഹുലിന് 16 വോട്ടും യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടുമാണ് ലഭിച്ചത്. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം സ്ഥാനത്തുനിന്ന് പുറത്തായത്. ഇതിന് പിന്നാലെയാണ് പാലാ നഗരസഭയിലെ രാഷ്ട്രീയ നീക്കങ്ങൾ കൂറുമാറ്റ നിയമത്തിന്റെ പരിധിയിലേക്ക് എത്തിയത്.

Related Articles

Back to top button