സ്കൂൾ വാനിൽ മൂന്ന് വയസ്സുകാരിക്ക് ലൈംഗികാതിക്രമം… 30കാരനായ ഡ്രൈവർ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്കൂൾ വാനിനുള്ളിൽ മൂന്ന് വയസ്സുകാരിക്ക് ലൈംഗികാതിക്രമമുണ്ടായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 30കാരനായ സ്കൂൾ വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സ്കൂൾ അധികൃതർ കുട്ടികളെ കൊണ്ടുപോകുന്നതിനായി വാടകയ്ക്ക് എടുത്ത സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്.

സ്കൂൾ വിട്ടശേഷം കുട്ടികളെ വീടുകളിലെത്തിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മറ്റ് കുട്ടികളെ ഇറക്കിയതിന് ശേഷം മൂന്ന് വയസ്സുകാരി വാനിൽ തനിച്ചായ സമയത്താണ് അതിക്രമമുണ്ടായതെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് വാനിലെ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് കുട്ടി വിവരം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിനു പിന്നാലെ കേസിൽ ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി. 12 വയസ്സിന് താഴെയുള്ള പെൺകുട്ടിക്കെതിരായ ബലാത്സംഗത്തിന് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്കും പോക്സോ നിയമത്തിലെ വകുപ്പുകൾക്കും കീഴിലാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.വ്യാഴാഴ്ച പ്രതിയെ പൻവേൽ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് ജീവനക്കാരുടെ മൊഴിയുൾപ്പെടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

അതിക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. സംഭവത്തോടെ സ്കൂൾ വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നത് അന്വേഷണത്തിന്റെ ഭാഗമാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ കൊണ്ടുപോകുമ്പോൾ വനിതാ സഹായിയുടെ സാന്നിധ്യം, സിസിടിവി ക്യാമറ, വാഹനത്തിന്റെ ട്രാക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്നും അവ കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നും പരിശോധിക്കും.സ്കൂൾ അധികൃതരിൽനിന്നും ബന്ധപ്പെട്ട ജീവനക്കാരിൽനിന്നും മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button