മുഖ്യമന്ത്രിയും മന്ത്രിമാരും ഐഐഎമ്മിൽ… ദ്വിദിന ശിൽപശാലയ്ക്ക് തുടക്കം

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ‘റീ ഇമാജിനിങ് നേതൃത്വം’ ശിൽപശാലയ്ക്ക് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന ദ്വിദിന പരിശീലന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും പങ്കെടുക്കും.
എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ അതിവേഗ വളർച്ചയുടെ പശ്ചാത്തലത്തിൽ ഭരണത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് ശിൽപശാലയിൽ പ്രധാനമായും ചർച്ച ചെയ്യുക. കാലത്തിനനുസരിച്ച് സർക്കാരും ഭരണനേതൃത്വവും മാറേണ്ടതെങ്ങനെയെന്നതിൽ സർക്കാരിന് ഉൾക്കാഴ്ച നൽകുന്ന തരത്തിലാണ് പരിശീലനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി തന്നെ കുന്ദമംഗലത്തെ ഐഐഎമ്മിൽ എത്തിച്ചേർന്നിരുന്നു. എഐ കാലത്തെ നേതൃത്വം, നയങ്ങളിലൂടെ ജനങ്ങളിൽ സുസ്ഥിരമായ മാറ്റം കൊണ്ടുവരാൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ചയാകും. കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോധിക പരിപാലനം, സിൽവർ എക്കണോമി, ഉന്നത വിദ്യാഭ്യാസം, കരിയർ തുടങ്ങിയ വിഷയങ്ങളും പരിശീലനത്തിന്റെ ഭാഗമാകും.
കാലത്തിനനുസരിച്ച് ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള ആശയങ്ങളും സമീപനങ്ങളും ശിൽപശാലയിൽ പങ്കുവയ്ക്കും. സംസ്ഥാന മന്ത്രിസഭയ്ക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻകൈയിൽ 2011ലാണ് ഇതിന് മുമ്പ് മന്ത്രിസഭയ്ക്കായി പരിശീലനം സംഘടിപ്പിച്ചത്. അന്നും കോഴിക്കോട് ഐഐഎമ്മിലായിരുന്നു പരിശീലനം.



