ഒമ്പത് ദിവസത്തിന് ശേഷം പ്രതീക്ഷ… ത്രിശൂലി 3എ നിലയത്തിൽ കുടുങ്ങിയ രണ്ടുപേരെ…

നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രതീക്ഷ. ഒമ്പത് ദിവസത്തിന് ശേഷം തുരങ്കത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ടതോടെയാണ് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയായത്. കൂടുതൽ ആളുകൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരവും രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയാണ്.

തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനും സാധിച്ചതാണ് രക്ഷാദൗത്യത്തിലെ നിർണായക വഴിത്തിരിവായത്. ‘പരിഭ്രമിക്കേണ്ട, നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്’ എന്ന് രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ തുരങ്കത്തിനുള്ളിൽ നിന്ന് ‘ശരി’ എന്ന മറുപടി ലഭിച്ചു. തുടർന്നാണ് ഒരാളെ രക്ഷപ്പെടുത്തിയത്. പിന്നാലെ രണ്ടാമനെയും ജീവനോടെ പുറത്തെത്തിച്ചതായി നേപ്പാൾ സർക്കാർ അറിയിച്ചു. തുരങ്കത്തിൽ ഇനിയും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിലേക്ക് എത്താനുള്ള ശ്രമങ്ങൾ നേപ്പാൾ സൈന്യവും പൊലീസും ഊർജിതമാക്കിയിട്ടുണ്ട്.

നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായതായാണ് റിപ്പോർട്ട്. ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ പേരെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

നേപ്പാളിലെ നഗരങ്ങളെയും താഴ്വരകളെയും തകർത്ത മിന്നൽ പ്രളയത്തിൽ ഇതുവരെ 1,259 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. അയ്യായിരത്തിലധികം പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. അതിനിടെ, ചൈനീസ് അതിർത്തിയിലെ ടിബറ്റ് ഭാഗത്ത് പ്രളയത്തിൽ 21 പേർ കൊല്ലപ്പെടുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈനയും അറിയിച്ചു. നേപ്പാളിലും ടിബറ്റിലും ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Related Articles

Back to top button