പുനലൂരിൽ അവധി ആഘോഷിക്കാനിറങ്ങിയ സംഘത്തിന്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു… ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം…. മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: അവധി ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറും നെടുങ്കയം സ്വദേശിയുമായ ഡോയി മോൻ (ടോയ്) ആണ് അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. പുനലൂർ കേളങ്കാവ് ആർപിഎൽ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം നിയന്ത്രണം വിട്ട് വലിയ താഴ്ചയിലേക്ക് മറിഞ്ഞത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

അപകടവിവരമറിഞ്ഞ് പുനലൂരിൽ നിന്നും ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി. ഏറെ പ്രയത്നപ്പെട്ട് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രികരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോയി മോന്റെ ജീവൻ രക്ഷിക്കാനായില്ല. പുനലൂർ സ്വദേശികളായ ടോയ്, ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനായി എത്തിയ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് കേളങ്കാവ് ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് പതിച്ചത്. മരിച്ച ഡോയി മോന്റെ മൃതദേഹം നിലവിൽ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള ശേഷിക്കുന്ന നടപടികളിലേക്ക് കടക്കും. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button