*ആറന്മുള എൻജിനീയറിംഗ് കോളേജിൽ ‘ടെക് സ്പാർക്ക് 26’ ഇന്നവേഷൻ സമ്മിറ്റിന് തുടക്കമായി

പത്തനംതിട്ട : കേപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എൻജിനീയറിംഗ് ആറന്മുളയിൽ സംഘടിപ്പിക്കുന്ന സാങ്കേതിക ഇന്നവേഷൻ സമ്മിറ്റ് ‘ടെക് സ്പാർക്ക് 26’ -ന്റെ ഉദ്ഘാടനവും ‘ടെക് ജീനിയസ് ക്വിസ്’ വിജയികൾക്കുള്ള അനുമോദനവും നടന്നു. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.
ആറന്മുള എൻജിനീയറിംഗ് കോളേജിനെയും കേപ്പ് സ്ഥാപനങ്ങളെയും ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. സ്ഥാപനത്തിന്റെ KIRF റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കോളേജിന് ഏറ്റവും അത്യന്താപേക്ഷിതമായ വനിതാ ഹോസ്റ്റൽ നിർമ്മിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കൂടാതെ, ക്യാമ്പസിന്റെ സമഗ്ര വികസനത്തിനായി ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപുണ്ടായ പ്രളയദുരന്തത്തെ അതിജീവിച്ച് കോളേജിനെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ അശ്രാന്തം പ്രയത്നിച്ച ജീവനക്കാരെയും നാട്ടുകാരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ആറന്മുള നിയോജകമണ്ഡലം എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എസ്. ജയകുമാർ സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഡോ. റിനി ജോൺസ് എസ്. ബി. റിപ്പോർട്ട് അവതരണവും നടത്തി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏദൻ ജോർജ്, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രസാദ് വേരുംക്കൽ, കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ബെറ്റ്സി സാം, സി.ഇ. ആറന്മുള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുവിൻ സുന്ദർ, കോളേജ് യൂണിയൻ ചെയർമാൻ നഥാൻ ജോൺ തോമസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഡോ. ഷിഹാബുദീൻ എച്ച്. നന്ദി പറഞ്ഞു.
“Learn • Innovate • Create” എന്ന സന്ദേശവുമായി സെപ്റ്റംബർ 18 വരെ നീളുന്ന ടെക് സ്പാർക്ക് സമ്മിറ്റിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി ടെക്നിക്കൽ വർക്ക്ഷോപ്പുകൾ, വിദഗ്ദ്ധർ നയിക്കുന്ന ടെക് ടോക്കുകൾ, ഫ്ലാഗ്ഷിപ്പ് ഹാക്കത്തോൺ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.




