വിദ്യാർത്ഥിയുടെ മരണം….. അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം

മലപ്പുറം: പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സ്കൂൾ മാറാനിരുന്ന കുട്ടിയെ അധ്യാപകർ ഭീഷണിപ്പെടുത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
സ്കൂളിലെ ചില അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ടിസി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമ്പോൾ അതിൽ ‘റെഡ് മാർക്ക്’ രേഖപ്പെടുത്തുമെന്നും ഇത് കുട്ടിയുടെ ഭാവി തകർക്കുമെന്നും ഭീഷണിപ്പെടുത്തി. സ്കൂൾ മാറി മറ്റൊരു സ്ഥാപനത്തിൽ ചേരാനായി ടിസി വാങ്ങാൻ ഇരുന്ന ദിവസം തന്നെയാണ് കുട്ടി ജീവനൊടുക്കിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു. കുട്ടിയെ ഒരു തരത്തിലും അധ്യാപകർ പീഡിപ്പിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.
തേജസ്സിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്.



