ആരോഗ്യസ്ഥാപനങ്ങളിൽ സേവന നിരക്കുകൾ പ്രദർശിപ്പിക്കണം’; ആശുപത്രികൾക്ക് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കുകയും സേവനങ്ങളിൽ പൂർണ സുതാര്യത ഉറപ്പാക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ്. അത്യാഹിതാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് മുൻകൂർ പണമടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമായി നിർദേശിച്ചു. പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കുക എന്നത് ഓരോ സ്ഥാപനത്തിന്റെയും ബാധ്യതയാണെന്നും വ്യക്തമാക്കി.
ചികിത്സയ്ക്കിടെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റേണ്ടിവന്നാൽ ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുകയും ചികിത്സാ വിവരങ്ങൾ കൈമാറുകയും വേണം. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നിർബന്ധമായും നൽകണം.
സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുമതിയില്ല. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് കാണുന്ന വിധത്തിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാ കേന്ദ്രങ്ങൾ, ആയുഷ് കേന്ദ്രങ്ങൾ ഉൾപ്പെടെ രോഗനിർണ്ണയമോ ചികിത്സയോ നൽകുന്ന എല്ലാ സ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നൽകുന്ന എല്ലാ സേവനങ്ങളുടെയും ചികിത്സാ ഫീസ്, പാക്കേജ് നിരക്കുകൾ, പരാതി പരിഹാര ആഫീസറുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ജില്ലാ മെഡിക്കൽ ഓഫീസറുടെയും രജിസ്റ്ററിംഗ് അതോറിറ്റിയുടെയും ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷൻ ഡസ്കിലോ റിസപ്ഷൻ ഭാഗത്തോ പ്രദർശിപ്പിക്കണം. ഇതേ വിവരങ്ങൾ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അറിയിച്ചു.
ചികിത്സ, പരിശോധന, ഐസിയു, ഓപ്പറേഷൻ തിയേറ്റർ, സ്കാനിംഗ്, ലബോറട്ടറി, ആംബുലൻസ്, എമർജൻസി കെയർ തുടങ്ങിയ എല്ലാ സേവനങ്ങളും ഇനം തിരിച്ച് ലഭ്യമാക്കണമെന്നും 72 മണിക്കൂറിനുള്ളിൽ മെഡിക്കൽ രേഖകൾ നൽകുമെന്നും സ്ഥാപനങ്ങൾ ഉറപ്പ് നൽകണം. രോഗികൾക്ക് ലഭ്യമായ സേവനങ്ങൾ, അടിസ്ഥാന നിരക്കുകൾ, മുൻകൂർ ഡെപ്പോസിറ്റ് നയം, ഇൻഷുറൻസ്, ക്യാഷ്ലസ് ചികിത്സ, ബില്ലിംഗ്, ഡിസ്ചാർജ് നടപടിക്രമങ്ങൾ, 24×7 എമർജൻസി പ്രോട്ടോക്കോൾ, പരാതി പരിഹാര സംവിധാനം തുടങ്ങിയ വിവരങ്ങൾ ലഘുലേഖയായി നൽകുകയോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയോ വേണം.
എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും പരാതി പരിഹാര ഡസ്ക് അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നിർബന്ധമാണ്. ലഭിക്കുന്ന ഓരോ പരാതിക്കും റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യുകയും ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കയും വേണം. പരിഹരിക്കപ്പെടാത്ത ഗുരുതര പരാതികൾ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയിലേക്കോ ജില്ലാ മെഡിക്കൽ ഓഫീസറിലേക്കോ കൈമാറണം. പരാതി രജിസ്റ്റർ പുസ്തകം പരിശോധനയ്ക്ക് ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.
പ്രദർശിപ്പിച്ചിട്ടുള്ള നിരക്കുകളിൽകൂടി അധിക തുക ഈടാക്കാൻ പാടില്ല. സേവനങ്ങളിലെ അപര്യാപ്തത സംബന്ധിച്ച പരാതികൾ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലും, കബളിപ്പിക്കൽ, ചതി തുടങ്ങിയ കേസുകൾ പോലീസിലും നൽകാം. നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2018 ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും ആശുപത്രി സേവനങ്ങളിൽ ഉത്തരവാദിത്വവും സുതാര്യതയും കൊണ്ടുവരാനുമാണ് ഈ നിർദ്ദേശങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.



