വെള്ളപ്പൊക്കക്കെടുതി രൂക്ഷം… നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…

കോഴിക്കോട്: ജില്ലയിൽ മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞെങ്കിലും വെള്ളപ്പൊക്കക്കെടുതിയും ദുരിതവും രണ്ടാം ദിവസവും തുടരുന്നു. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വ്യാപകമായി വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങൾ വീടുകൾ ഒഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി.

മാവൂർ പഞ്ചായത്തിലെ കുറ്റിക്കടവ്, വളയന്നൂർ, തെങ്ങിലക്കടവ്, കച്ചേരികുന്ന് എന്നിവിടങ്ങളിലാണ് കൂടുതൽ വീടുകളിൽ വെള്ളം കയറിയത്. ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോൽ താഴം, വിരുപ്പിൽ, ഇഷ്ടിക ബസാർ, പാഴൂർ മേഖലകളിലും നിരവധി വീടുകൾ വെള്ളത്തിലായി. സങ്കേതത്ത് ഒറ്റപ്പെട്ട കുടുംബങ്ങളെ മാവൂർ ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പെരുവയൽ പഞ്ചായത്തിലെ പള്ളിക്കടവ്, കായലം മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. വിവിധ പഞ്ചായത്തുകളിലായി അംഗൻവാടികൾ, സാംസ്കാരിക നിലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. ചാലിയാർ, ഇരുവഞ്ഞി, ചെറുപുഴ എന്നിവ കരകവിഞ്ഞ സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്ക നിലനിൽക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ നിരവധി വഴികൾ വെള്ളത്തിനടിയിലായതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാവൂർ ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം, കുറ്റിക്കാട്ടൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. മരത്തിൽ പിടിച്ചുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ നാട്ടുകാർ സഹായിച്ചു. പിന്നീട് ഒഴുക്കിൽപ്പെട്ട ഓട്ടോറിക്ഷ കയർ ഉപയോഗിച്ച് കരയ്ക്കെത്തിച്ചു.
കനത്ത മഴയെ തുടർന്ന് ബാലുശ്ശേരി ഉണ്ണികുളത്ത് ഒരു വീട് തകർന്നുവീണെങ്കിലും ആളപായമുണ്ടായില്ല. താമരശ്ശേരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴുകയും ചെയ്തു. കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.64 മീറ്ററിലെത്തിയ സാഹചര്യത്തിൽ അധികജലം ഒഴുക്കിവിടാനുള്ള നടപടികളുടെ ഭാഗമായി അധികൃതർ രണ്ടാംഘട്ട ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കക്കയം മേഖലയിലെ മഴ തുടരുന്നതിനാൽ പൂനൂർ പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Related Articles

Back to top button