മുഹമ്മദ് ഹനീഷിന് തിരിച്ചടി; കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ കോടതിയലക്ഷ്യ നടപടികൾ നേരിടണം, ഹർജി തള്ളി

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് തിരിച്ചടി. ഹനീഷ് നേരിട്ട് ഹാജരായി കോടതിയലക്ഷ്യ നടപടികൾ നേരിടണമെന്ന് സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹനീഷ് നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തളളി. വെള്ളിയാഴ്ച സിംഗിൾ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
മുഹമ്മദ് ഹനീഷിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 500 കോടിയുടെ അഴിമതി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ചന്ദ്രശേഖർ, എംഡി കെ.എ രതീഷ് ഐഎഎസിനെയും വിചാരണ നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. തെളിവുകൾ ഇല്ലാത്തതു കൊണ്ട് അഴിമതി കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നൽകിയിരുന്ന വിശദീകരണം. എന്നാൽ എന്നാൽ കോടതി കണ്ടെത്തലുകളെ മറികടന്ന് തെളിവുകൾ ഇല്ലെന്ന് ഒരു ഉദ്യോഗസ്ഥന് എങ്ങിനെ പറയാൻ കഴിയുമെന്ന വിമർശനവും ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായി. സിബിഐ അഴിമതി കണ്ടെത്തിയ ഒരു കേസിൽ എങ്ങനെയാണ് അഴിമതി നടന്നിട്ടില്ല എന്ന് പറയാനാവുക എന്നും ഹൈക്കോടതി ചോദിച്ചു.



