പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച… മികച്ച തിരക്കഥാകൃത്തിന് പകരം കൊലക്കേസ് പ്രതി….

തിരുവനന്തപുരം: ഔദ്യോഗിക പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച. കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകളെ കുറിച്ചുള്ള വിവരണം നൽകിയ പേജിൽ മികച്ച തിരക്കഥാകൃത്തിന്റെ ഫോട്ടോയ്ക്ക് പകരം ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം അച്ചടിച്ചുവന്നു. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരമാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മാറി ഉപയോഗിച്ചത്.

ബുള്ളറ്റിനിൽ പേര് ‘രാജേഷ് തില്ലങ്കേരി’ എന്ന് തന്നെയാണ് നൽകിയിട്ടുള്ളതെങ്കിലും ചിത്രം ആകാശ് തില്ലങ്കേരിയുടേതായിരുന്നു. കഴിഞ്ഞ മാസം 15-ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഈ ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്. ബുള്ളറ്റിൻ തയ്യാറാക്കുന്നതിൽ സംഭവിച്ച ഈ വലിയ വീഴ്ച പിഎസ്‌സി അധികൃതർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഈ പിഴവിന് ശേഷം ജൂൺ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകൾ വീണ്ടും പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു തിരുത്ത് നൽകാൻ പിഎസ്‌സി ഇതുവരെ തയ്യാറായിട്ടില്ല. ഉണ്ണി കെ. ആർ. സംവിധാനം ചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ (A Pregnant Widow) എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചത്. ഉദ്യോഗാർത്ഥികൾ മത്സരപരീക്ഷകൾക്കായി ആശ്രയിക്കുന്ന പ്രധാന ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ ഒരു കൊലക്കേസ് പ്രതിയുടെ ചിത്രം അവാർഡ് ജേതാവിന്റേതെന്ന രീതിയിൽ വന്നത് വലിയ ചർച്ചയായിട്ടുണ്ട്.

Related Articles

Back to top button