സ്കൂൾ പാർലമെന്റിന് തുടക്കം, വിദ്യാർത്ഥി നേതാക്കൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

മാവേലിക്കര: പൊതുവിദ്യാലയങ്ങളിൽ രാഷ്ട്രീയം ആവശ്യമില്ല എന്ന അഭിപ്രായം ഉയരുമ്പോഴും പുള്ളികണക്ക് ഗായത്രി സെന്റർ സ്കൂളിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താറുണ്ട്. ജനാധിപത്യ മൂല്യങ്ങളും നേതൃത്വപാടവവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സിബിഎസ്ഇയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങും ആദ്യ സമ്മേളനവും നടത്തി. ചടങ്ങിൽ ചീഫ് കോർഡിനേറ്റർ ആശ്ന രാജൻ സ്വാഗതവും പരിപാടിയുടെ ആമുഖവും അവതരിപ്പിച്ചു. പ്രിൻസിപ്പൽ ലീന ശങ്കർ വിദ്യാർത്ഥി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പേരുകൾ സനുമോൾ.എസ് പ്രഖ്യാപിച്ചു.
ശിവജി കെ.ജ്യോതി പ്രധാനമന്ത്രിയായും വേദിക രാജേഷ് ആഭ്യന്തര മന്ത്രിയായും വർഷ വിശാൽ വിദ്യാഭ്യാസ മന്ത്രിയായും നക്ഷത്ര അരുണ് ആരോഗ്യ മന്ത്രിയായും അയാന എസ്.കുമാർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായും ഫൈസാൻ റിയാസ് പ്രതിപക്ഷ നേതാവായും നന്ദന.എസ് സ്പീക്കറായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തുടർന്ന് ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങൾ കൂട്ടായ സത്യപ്രതിജ്ഞ ചെയ്തു.
പ്രോടേം സ്പീക്കറായ ആയിഷ തഹാനിയ അഫ്സലിന്റെ നേതൃത്വത്തിൽ സ്പീക്കർ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും പൂർത്തിയാക്കിയ ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ നന്ദന.എസ് ആദ്യ പാർലമെന്റ് സമ്മേളനത്തിന് നേതൃത്വം നൽകി. പ്രധാനമന്ത്രി ശിവജി കെ. ജ്യോതിയുടെ അസാന്നിധ്യത്തിൽ പത്താം ക്ലാസിൽ നിന്നുള്ള നന്ദന ജി.നായർ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ചുമതല നിർവഹിച്ചു. എട്ടാം ക്ലാസിലെ പ്രതിപക്ഷ നേതാവ് ഫൈസാൻ റിയാസ് പ്രതിപക്ഷ അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ആദ്യ പാർലമെന്റ് സമ്മേളനം പിരിച്ചുവിട്ടു.
ഏഴാം ക്ലാസിൽ നിന്നുള്ള ബി.ആർ.വേദയും പ്ലസ് വൺ ഹ്യൂമാനിറ്റീസിലെ അക്ഷര എ.പിള്ളയും സമ്മേളനത്തിന്റെ സെക്രട്ടറിമാരായി പ്രവർത്തിച്ചു. ദേശീയഗാനവും തുടർന്ന് ഫോട്ടോ സെഷനും നടന്നു. ജനാധിപത്യ സംവിധാനത്തിന്റെ പ്രവർത്തന രീതികൾ നേരിട്ട് മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികളിൽ നേതൃത്വഗുണം, ഉത്തരവാദിത്തബോധം, സാമൂഹിക പ്രതിബദ്ധത, സജീവ പൗരബോധം എന്നിവ വളർത്തുന്നതിനും സ്കൂൾ പാർലമെന്റ് സഹായിക്കുമെന്ന് ചെയർമാൻ ഷാജി പറഞ്ഞു.




