ശബരിമല ഓണസദ്യ വിവാദം: ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്….

തിരുവനന്തപുരം: ശബരിമല തിരുവോണ സദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിലപാട് തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രിക്ക് ലഭിച്ച വിവരം ശരിയല്ലായിരിക്കാമെന്നും ജയകുമാർ പ്രതികരിച്ചു. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തെ മെസ്സിൽ നൽകിയ സദ്യ 3000 ഭക്തർ കഴിച്ചെന്നും, സദ്യയ്ക്കായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നെന്നും ജയകുമാർ വ്യക്തമാക്കി.

സദ്യയെക്കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകിയിട്ടുണ്ടെന്നുമായിരുന്നു ദേവസ്വം മന്ത്രി കെ. മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനത്തിൽ കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങൾ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സദ്യയിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന നിലപാടുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് രംഗത്തെത്തിയത്.

Related Articles

Back to top button