‘പറയാത്ത കാര്യങ്ങൾ വായിച്ചുണ്ടാക്കി വിവാദം വേണ്ട’… തോമസ് ഐസക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിനെതിരെ താൻ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. തിരഞ്ഞെടുപ്പ് റിവ്യൂവിൽ കേന്ദ്രകമ്മിറ്റി പറഞ്ഞ കാര്യങ്ങളാണ് താൻ പ്രസംഗിച്ചതെന്നും പറയേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ചർച്ചകൾക്ക് ശേഷം പാർട്ടി സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും രണ്ട് രേഖകൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ പറയാത്ത എന്തെങ്കിലും താൻ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘ഞാൻ പറഞ്ഞത് പൂർണമായും കേന്ദ്ര കമ്മിറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. പറയാത്ത കാര്യങ്ങൾ വായിച്ചുണ്ടാക്കി വിവാദമാക്കേണ്ടതില്ല’ എന്ന നിലപാടിലാണ് തോമസ് ഐസക്. പത്ത് വർഷത്തെ ഭരണത്തിൽ അഹങ്കാരം വർധിച്ചത്, സ്ഥാനാർഥി നിർണയത്തിൽ ജനവികാരം പരിഗണിക്കാതിരുന്നത്, സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായത് തുടങ്ങിയ വിമർശനങ്ങളും തോമസ് ഐസക് ഇന്നലെ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ശക്തമായി ഉയർന്ന സിപിഐഎം–ബിജെപി ഡീൽ ആരോപണത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡീൽ ഉണ്ടെന്ന് ജനങ്ങളും വിശ്വസിച്ചെന്നും പാർട്ടിയുടെ ചില പ്രസ്താവനകളും പ്രചാരണത്തിന് സഹായകമായെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.



