ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്…

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് പ്രശാന്ത് ജയിൽ മോചിതനാകുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് വീണ്ടും ജാമ്യാപേക്ഷ നൽകിയത്.
നേരത്തെ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് റിമാൻഡിൽ കഴിയുന്നതിനിടെ തലയിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിലും ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. 2019-ലെ സ്വർണക്കവർച്ച മറച്ചുവെക്കുന്നതിനായി 2021-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ നൽകിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പ്രശാന്തിനെ കേസിൽ 17-ാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.



