ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ശബരിമല ശ്രീകോവിൽ സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് കോടതിയുടെ ചില പരാമർശങ്ങൾ വേണമെങ്കിൽ നീക്കാമെന്നും കോടതി വ്യക്തമാക്കി. കണ്ഠരര് രാജീവർക്കെതിരായ വിജിലൻസ് കോടതി പരാമർശം നീക്കണമെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ നിരീക്ഷണം. അപ്പീൽ കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

അതേസമയം, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചു. കേസിൽ എപ്പോഴാണ് ഒരു അന്തിമ റിപ്പോർട്ട് നൽകുക എന്ന് അന്വേഷണ സംഘത്തിന് തന്നെ ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് കോടതി പരാമർശിച്ചു. ശബരിമല ശ്രീകോവിലിൽ 2019-ൽ നടന്നതായി പറയപ്പെടുന്ന സ്വർണ്ണക്കൊള്ളയിൽ, 1998-ലെ ചെമ്പ്-സ്വർണ്ണ പാളികൾ മാറ്റപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ അടുത്തയാഴ്ചയോടെ പൂർണ്ണമായ ശാസ്ത്രീയ വ്യക്തതയുണ്ടാകും. ശ്രീകോവിലിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ കാലപ്പഴക്ക നിർണ്ണയം ജംഷേദ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ പൂർത്തിയായതായാണ് വിവരം.

1998-ൽ വിജയ് മല്യ സ്വർണ്ണം പൊതിയാൻ സമർപ്പിച്ച ചെമ്പുപാളികൾ തന്നെയാണ് ഇപ്പോഴുമുള്ളതെങ്കിൽ (28 വർഷത്തെ പഴക്കം), കൊള്ള നടന്നിട്ടില്ലെന്ന് ഉറപ്പിക്കാം. എന്നാൽ പാളികൾക്ക് ഏഴ് വർഷത്തെ പഴക്കം (2019-ലെ കാലയളവ്) മാത്രമാണ് ഉള്ളതെന്ന് തെളിഞ്ഞാൽ, 2019-ൽ പാളിയടക്കം സ്വർണ്ണം കവർന്നു എന്നത് സ്ഥിരീകരിക്കപ്പെടും. മോഷണം സ്ഥിരീകരിക്കപ്പെട്ടാൽ, സ്വർണ്ണം വീണ്ടെടുക്കാൻ കാത്തുനിൽക്കാതെ തന്നെ അന്വേഷണസംഘത്തിന് നേരിട്ട് കുറ്റപത്ര സമർപ്പണത്തിലേക്ക് കടക്കാൻ ഈ പരിശോധനാഫലം സഹായകരമാകും. കേസ് അന്വേഷണത്തിലെ പോരായ്മകളിൽ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. അയ്യപ്പന്റെ സ്വർണ്ണം കവർന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന കാര്യം പ്രതിപക്ഷത്തിരുന്നപ്പോൾ തന്നെ തങ്ങൾ ചൂണ്ടിക്കാണിച്ചതാണെന്ന് ഓർമ്മിപ്പിച്ച മന്ത്രി, വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

Related Articles

Back to top button