പാറശാല സ്കൂളിൽ കവർച്ച…. ‘ഹെൽമെറ്റ് ഷൈജു’ പിടിയിൽ…. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവേ പോലീസ് പൊക്കി

തിരുവനന്തപുരം: പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലാപ്ടോപ്പുകളും ഡിജിറ്റൽ ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതി ചെങ്കൽ സ്വദേശി ഷൈജു (30) അറസ്റ്റിലായി. ഹെൽമെറ്റുകൾ മോഷ്ടിച്ചു തുടങ്ങിയതിനാലാണ് ഇയാൾക്ക് ‘ഹെൽമെറ്റ് ഷൈജു’ എന്ന പേര് വീണത്.
കഴിഞ്ഞ മാസം 20-നാണ് സ്കൂൾ ഓഫീസ് കുത്തിത്തുറന്ന് അഞ്ച് ലാപ്ടോപ്പുകൾ, രണ്ട് ഡിജിറ്റൽ ക്യാമറകൾ, ഒരു വെബ്ക്യാം എന്നിവ ഷൈജു കവർന്നത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചു. പിടിക്കപ്പെടുമെന്ന് ഭയന്ന ഷൈജു, മോഷ്ടിച്ച രണ്ട് ലാപ്ടോപ്പുകൾ ഒരാഴ്ച മുമ്പ് സ്കൂൾ വളപ്പിൽ തന്നെ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നു. കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പാറശാല എസ്എച്ച്ഒ സുനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
2023-ൽ വീടുകളിൽ നിന്ന് ഹെൽമെറ്റുകൾ മോഷ്ടിച്ചാണ് ഇയാൾ ക്രിമിനൽ രംഗത്തേക്ക് എത്തിയത്. തുടർന്ന് വിവിധ മോഷണ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ വിഷ്ണു, സിപിഒമാരായ അനിൽകുമാർ, സാജൻ, അഭിലാഷ്, ഷാജൻ, ശശി നാരായണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



