ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’…. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ SITക്ക് മുന്നിൽ

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാരായ എസ്. സന്ദീപ്, ആർ. അരുൺ, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ഇന്ന് രാവിലെ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായത്.പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘം വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. പരസ്പര വിരുദ്ധമായ മൊഴികൾ നൽകാതിരിക്കാൻ പ്രതികളെ ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തിയാണ് നിലവിൽ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ജൂൺ 9-നാണ് അനിൽ കല്ലിയൂർ അടക്കമുള്ള അഞ്ച് പ്രതികൾക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവ് കണ്ടെത്തണമെന്ന പ്രോസിക്യൂഷൻ വാദവും, ഇവർ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി തള്ളിയിരുന്നു. മുൻ സർക്കാരിന്റെ കാലത്തായിരുന്നു സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയെന്നും നിലവിൽ സർക്കാർ സ്വാധീനത്തോടെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോൾ കരിങ്കൊടി കാണിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ കല്ലിയൂരും സുരക്ഷാ ജീവനക്കാരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഈ മർദ്ദന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന് വലിയ വിവാദമായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് സംഭവത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ചോദ്യം ചെയ്യലിനോടനുബന്ധിച്ച് കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പോലീസ് സംഘത്തിന് പുറമെ സായുധ സേനയെയും മുൻകരുതലായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button