മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; പമ്പയാറ്റിൽ ജലനിരപ്പ് അപകടനിലയിൽ

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ പമ്പയാറ്റിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു. മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ഏത് സമയത്തും അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 192 അടിയിലേക്ക് എത്തിയ സാഹചര്യത്തിൽ മൂന്ന് ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. ഇതോടെ കക്കാട്ടാറിലും പമ്പയാറിലും ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പമ്പയിലെ ജലനിരപ്പ് ഉയർന്നതോടെ ആറന്മുള മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റാന്നിയിൽ നിന്നുള്ള വെള്ളത്തിനൊപ്പം മൂഴിയാർ ഡാമിൽ നിന്നുള്ള വെള്ളവും എത്തിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് അധികൃതർ അറിയിച്ചു. ആറന്മുളയിൽ എൻഡിആർഎഫ് സംഘവും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. 20-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളുടെ ഒന്നാം നിലയിൽ കുടുങ്ങിക്കിടക്കുന്നവരെ ബോട്ടുകളിലും ജെസിബികളിലുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ വീടുകളിൽ വെള്ളം കയറിയിട്ടും ചിലർ ഒഴിഞ്ഞുമാറാൻ തയ്യാറാകാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അതേസമയം, കക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകൾ തുറക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് ശബരിമല തീർഥാടനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. അട്ടത്തോട് ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിലയ്ക്കലിൽ നിന്നുള്ള ഭക്തരുടെ യാത്ര നിയന്ത്രിച്ചിരിക്കുകയാണ്. എരുമേലി വഴി എത്തുന്ന തീർഥാടകർക്കും നിയന്ത്രണങ്ങൾ ബാധകമാണ്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ പമ്പയിൽ ബലിതർപ്പണത്തിനും സ്‌നാനത്തിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തുള്ളവരും ദർശനത്തിനെത്തുന്നവരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനിടെ, റാന്നി ടൗണിൽ വെള്ളം കയറിയതോടെ വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടായി. ഓണത്തോടനുബന്ധിച്ച് എത്തിച്ച സ്റ്റോക്കുകൾ പല കടകളിലും നശിച്ചു. മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിൽ ജില്ലാ ഭരണകൂടം വീഴ്ച വരുത്തിയെന്ന് വ്യാപാരികൾ ആരോപിച്ചു. പെരുന്നാട്, വടശ്ശേരിക്കര, നാരായണപുരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടൊപ്പം കോഴഞ്ചേരി–തിരുവല്ല റോഡുകളിൽ വെള്ളം കയറിയതിനാൽ സ്വകാര്യ ബസ് സർവീസുകളും തടസ്സപ്പെട്ടു.

Back to top button