ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയിൽവേയുടെ അനുമതി…. ഇനി 9 അധിക ട്രെയിനുകൾ ഓടും

സംസ്ഥാനത്തെ റെയിൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി. മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ റെയിൽപ്പാതയാണ് ഇരട്ടിപ്പിക്കുന്നത്. 220.51 കോടി രൂപ ചെലവ് വരുന്ന ബൃഹത്തായ വികസന പദ്ധതിക്കാണ് ഇപ്പോൾ റെയിൽവേ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
എറണാകുളം-തുറവൂർ-ആലപ്പുഴ-അമ്പലപ്പുഴ-കായംകുളം ഇടനാഴിയിൽ അവശേഷിക്കുന്ന ഏക സിംഗിൾ ലൈൻ ഭാഗമാണ് മാരാരിക്കുളം-ആലപ്പുഴ റൂട്ട്. ഈ ഭാഗത്തെ ലൈൻ കൂടി ഇരട്ടപ്പാതയാകുന്നതോടെ ഈ റൂട്ടിലെ ട്രെയിനുകളുടെ വൈകിയോട്ടത്തിന് വലിയ പരിഹാരമാകും. പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രതിദിനം ഇരു ദിശകളിലേക്കുമായി ഒമ്പത് അധിക ട്രെയിനുകൾ സർവീസ് നടത്താൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
യാത്രാ ട്രെയിനുകളുടെയും ചരക്ക് ഗതാഗതത്തിന്റെയും വർദ്ധനവിലൂടെ റെയിൽവേയ്ക്ക് വലിയ സാമ്പത്തിക നേട്ടവും പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നുണ്ട്. പാത ഇരട്ടിപ്പക്കൽ പൂർത്തിയാകുന്നതോടെ പ്രതിവർഷം ഏകദേശം 3.08 കോടി രൂപയുടെ അധിക നികുതിവരുമാനം നേടാൻ സാധിക്കുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിച്ച് നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. തീരദേശ പാതയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രികർക്ക് വലിയ ആശ്വാസം പകരുന്നതാണ് റെയിൽവേയുടെ ഈ പുതിയ തീരുമാനം.



