‘ഇന്ത്യയിലെ വിദ്യാഭ്യാസ രീതി കുട്ടികളെ മാനസികമായി തകർക്കുന്നു’; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

രാജസ്ഥാനിലെ കോട്ടയിൽ നടന്ന വിദ്യാർഥി മഹാറാലിയിൽ വിദ്യാഭ്യാസ സംവിധാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിലെ വിദ്യാഭ്യാസ രീതി വിദ്യാർഥികളെ കടുത്ത സമ്മർദത്തിലാക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
തലസ്ഥാനമെന്നറിയപ്പെടുന്ന കോട്ടയിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) മഹാറാലിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ആരോപണം. ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും, നല്ല ഭാവിക്കായി പരിശ്രമിക്കുന്ന യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള വേദിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാജ്യത്തെ ഒരു വിദ്യാർഥിക്കും മത്സര പരീക്ഷകളുടെ പേരിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വരരുതെന്നും, അതിനായി സമൂഹവും ഭരണകൂടവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, പഠനച്ചെലവ് തുടങ്ങിയ വിഷയങ്ങളും അദ്ദേഹം പ്രസംഗത്തിൽ ഉയർത്തിക്കാട്ടി.
പരിപാടിയുടെ ഭാഗമായി നീറ്റ്, ജെഇഇ, സിവിൽ സർവീസ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളുമായി രാഹുൽ നേരിട്ട് സംവദിച്ചു. അവരുടെ സ്വപ്നങ്ങൾ, പഠനത്തിനായി ചെലവഴിക്കുന്ന തുക, നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
അതേസമയം, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രതിസന്ധികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ദേശീയതലത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
എൻഎസ്‌യുഐ, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി കാമ്പയിൻ സംഘടിപ്പിക്കുമെന്നും, വരും ദിവസങ്ങളിൽ അലഹബാദ്, പട്ന, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാർഥി സമ്മേളനങ്ങൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.




