നഗരം കീഴടക്കി പുലിക്കൂട്ടങ്ങൾ… ഓണാഘോഷത്തിന് തൃശൂരിന്റെ ഗംഭീര സമാപനം

തൃശൂർ: മഴമേഘങ്ങൾ മാറിനിന്നപ്പോൾ സ്വരാജ് റൗണ്ട് കീഴടക്കി പുലിക്കൂട്ടങ്ങൾ. ചെണ്ടമേളത്തിന്റെയും അരമണി കിലുക്കത്തിന്റെയും അകമ്പടിയോടെ നാനൂറിലേറെ പുലികൾ ചുവടുവെച്ചതോടെ തൃശൂർ നഗരം ആവേശത്തിലായി. വിവാദങ്ങളും ഭിന്നതകളും മറന്ന് ഒൻപത് പുലിക്കളി സംഘങ്ങളാണ് ഇത്തവണ നഗരത്തിൽ അണിനിരന്നത്. വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര ദേശം, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിവരാണ് പുലിക്കളിയിൽ പങ്കെടുത്തത്. ഇതിൽ ഒളരിക്കര ദേശം ആദ്യമായാണ് പുലിക്കളിയിൽ ചുവടുവയ്ക്കുന്നത്.

വൈകിട്ട് നാലോടെ ബിനി ജംക്‌ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലെത്തി പുലിക്കളിയുടെ ആവേശം ഇരട്ടിയാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പുലിവേഷക്കാരും വിവിധ വാദ്യസംഘങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഉച്ചവരെ ശക്തമായ മഴ പെയ്തിരുന്നെങ്കിലും വൈകിട്ടോടെ മഴ മാറിനിന്നത് പുലിക്കളി സംഘങ്ങൾക്കും കാണികൾക്കും ആശ്വാസമായി. ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ച പുലികൾക്കായി ആയിരക്കണക്കിന് ആളുകളാണ് സ്വരാജ് റൗണ്ടിന് ചുറ്റും തടിച്ചുകൂടിയത്. പുലിക്കളിയോടനുബന്ധിച്ച് മികച്ച സംഘത്തിനും പുലിക്കൊട്ട്, പുലിവേഷം, പുലിവാഹനം, പുലിവര, പുലിച്ചമയമടക്കമുള്ള വിവിധ ഇനങ്ങളിലും മത്സരങ്ങൾ നടന്നു. മികച്ച സംഘത്തിന് 70,000 രൂപയും രണ്ടാം സ്ഥാനത്തിന് 60,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനം. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് പുലിത്താളത്തിൽ ചുവടുവെച്ച തൃശൂർ, പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമാക്കി ഇത്തവണത്തെ പുലിക്കളിയെയും മാറ്റി.

Related Articles

Back to top button