‘സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനുള്ള ചിന്ത’… സമസ്ത സർക്കുലറിനെതിരെ എസ്എഫ്ഐ

കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ലെന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.

വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിൽ മുസ്ലിം വനിതകൾ ഉൾപ്പെടെ സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന കാലമാണിതെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും സംഘടന വ്യക്തമാക്കി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകളെന്നും എസ്എഫ്ഐ ആരോപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യാവകാശവും ആർട്ടിക്കിൾ 19 നൽകുന്ന സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.

കാലം മുന്നോട്ട് പോകുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനുള്ള ശ്രമമാണ് ഇത്തരം നിർദേശങ്ങളിലൂടെ നടക്കുന്നതെന്നും എസ്എഫ്ഐ വിമർശിച്ചു. ലിംഗസമത്വത്തിനും തുല്യാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട കേരള സമൂഹത്തെ അപമാനിക്കുന്ന സർക്കുലർ സമസ്ത നേതൃത്വം പിൻവലിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നതുമായ ആശയങ്ങളെ തള്ളിക്കളയാൻ വിദ്യാർഥികളും കേരളീയ പൊതുസമൂഹവും ശബ്ദമുയർത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Related Articles

Back to top button