തിരഞ്ഞെടുപ്പ് മുന്നിൽ… യുവാക്കളെ ലക്ഷ്യമിട്ട് ബിജെപിയുടെ പുതിയ തന്ത്രം

വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് യുവാക്കളെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതിയുമായി ബിജെപി. വൻകിട റാലികൾക്ക് പകരം ചെറുകൂട്ടായ്മകൾ സംഘടിപ്പിച്ച് യുവാക്കളുടെ പ്രശ്നങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കാനാണ് പാർട്ടി തീരുമാനം. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ചെറുകൂട്ടായ്മകൾ സംഘടിപ്പിക്കും. യുവാക്കളുടെ പ്രശ്നങ്ങൾ പാർട്ടി നേതൃത്വത്തിലെത്തിക്കുന്നതിനായി പ്രത്യേക സംവിധാനവും ഒരുക്കും. പ്രാദേശിക ബിജെപി നേതാക്കൾക്കായിരിക്കും ചെറുകൂട്ടായ്മകളുടെ ഏകോപന ചുമതല. യുവാക്കളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങളും നിർദേശങ്ങളും മനസ്സിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുവ വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ബിജെപിയുടെ പുതിയ നീക്കം.



