ഇന്ത്യൻ ആർമിയിലെ മേജർക്ക് പുറത്താക്കൽ നോട്ടീസ്

സഹപ്രവർത്തകരായ സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി വഴിവിട്ട ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ ആർമിയിലെ മേജർക്ക് നോട്ടീസ്. സർവീസിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. നടപടിക്കെതിരെ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ആംഡ് ഫോഴ്സസ് ട്രിബ്യൂണൽ വിസമ്മതിച്ചു.
ഭാര്യ 2023 ഓഗസ്റ്റിൽ പ്രതിരോധ മന്ത്രാലയത്തിലെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ (ഡിസിപ്ലിൻ ആൻഡ് വിജിലൻസ്) – ന് നൽകിയ രേഖാമൂലമുള്ള പരാതിയിലാണ് കേസിൻ്റെ തുടക്കം. രണ്ട് കേണൽമാരുടെ ഭാര്യമാർ ഉൾപ്പെടെ നാല് സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തി, ലഹരി ഉപയോഗിച്ചു, ഫോണിൽ നിരോധിത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തു, മൊബൈൽ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെയുള്ളത്. ഇത് സംബന്ധിച്ച് ആർമിയുടെ ക്വോർട്ട് ഓഫ് എൻക്വയറി അന്വേഷണം നടത്തിയിരുന്നു.
എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും വിളിച്ചുവരുത്തുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതനായ മേജർ ചൂണ്ടിക്കാട്ടി, സൈനിക ചട്ടം 180 ലെ നിർബന്ധിത വ്യവസ്ഥകൾ അന്വേഷണത്തിൽ ലംഘിച്ചുവെന്നും ഡിജിറ്റൽ ഉപകരണങ്ങൾ (മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, പെൻ ഡ്രൈവുകൾ) പിടിച്ചെടുക്കുന്നതിലും താൻ കുടുംബമായി താമസിച്ച സ്ഥലം പരിശോധിക്കുന്നതിലും ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ആരോപിച്ചു. 2025 മാർച്ചിൽ അന്വേഷണ സംഘം താത്കാലിക കുറ്റപത്രം തയ്യാറാക്കിയപ്പോഴും കേണൽമാരുടെ ഭാര്യമാരെ വിളിച്ചുവരുത്തി അന്വേഷണം നടത്തണമെന്ന് മേജർ ആവശ്യപ്പെട്ടിരുന്നു.



