പി.എസ്.സി ക്രമക്കേട്… സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പി.എസ്.സി സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകിട്ടാണ് പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് ഗവർണർ സെക്രട്ടറിയോട് ചോദിച്ചറിഞ്ഞു. അന്വേഷണത്തിന്റെ പുരോഗതിയും ഗവർണർ വിലയിരുത്തി.

അന്വേഷണവുമായി പി.എസ്.സി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ ഉദ്യോഗസ്ഥനെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചേക്കും. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് ഗവർണർ. പി.എസ്.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ സാധാരണ ആഭ്യന്തര വിജിലൻസ് സംവിധാനം പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ്. ഇതിനിടെ, സർക്കാരിന്റെ അറിവില്ലാതെ ഗവർണർ ഡി.ജി.പിയെ വിളിച്ചുവരുത്തിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി സെക്രട്ടറിയെയും ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയത്. സംഭവത്തിൽ പ്രതിപക്ഷവും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

Related Articles

Back to top button