ഒരു പിഴവ് മാത്രം, തിരുത്തി ഷോർട്ട് ലിസ്റ്റ് പുന:പ്രസിദ്ധീകരിച്ചെന്ന് പി എസ് സി….എന്നാൽ കോടതി ചോദിച്ചത്….

കൊച്ചി: ആസൂത്രണ ബോർഡ് മൂല്യനിർണയത്തിലെ വീഴ്ച സാങ്കേതികം മാത്രമെന്ന് പിഎസ്‍സി ഹൈക്കോടതിയിൽ. വീഴ്ച പരിഹരിച്ചെന്നും പുനർ മൂല്യനിർണയം നടത്തി പരിഹാര നടപടിയെടുത്തുയെന്നും പി എസ് സി കോടതിയെ അറിയിച്ചു. ഒരൊറ്റ പിഴവ് മാത്രമാണുണ്ടായത്. ഉദ്യോഗാർത്ഥി പിഴവ് ചൂണ്ടിക്കാട്ടി. ഉടനെ പിഎസ്‌സി പിഴവ് തിരുത്തി ഷോർട്ട് ലിസ്റ്റ് പുന:പ്രസിദ്ധീകരിച്ചുവെന്നും പി എസ് സി കോടതിയെ അറിയിച്ചു.

ഇതോടെ ഒരൊറ്റ പിഴവ് മാത്രമാണെന്നോ എന്ന് കോടതി ആരാഞ്ഞു. അതെയെന്ന് പിഎസ്‌സി മറുപടി നൽകിയതോടെ ആവർത്തിച്ചുള്ള പിഴവുകൾ കേൾക്കുന്നുണ്ടല്ലോ എന്നായി കോടതി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഭരണകക്ഷിയുടെ ആളുകളാണെന്ന് പറയുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. അത്തരം വാദങ്ങൾ ശരിയല്ലെന്നും ഇതെല്ലാം മാധ്യമങ്ങൾ പറയുന്നതാണെന്നുമായിരുന്നു പി എസ് സിയുടെ മറുപടി. മാധ്യമങ്ങൾ പറയുന്നതല്ല യാഥാർഥ്യം.കോടതി അത് കണക്കിലെടുക്കരുതെന്നും പിഎസ്‌സി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരായ പിഎസ്‍സിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.

Related Articles

Back to top button