നിയ ഫൈസലിന്റെ മരണം… കുടുംബത്തിന്റെ പരാതിയിൽ നിർണായക കണ്ടെത്തൽ

കൊല്ലം: പേവിഷബാധയേറ്റ് എട്ടുവയസുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിൻ കൃത്യമായ അളവിൽ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെച്ചതിൽ പിഴവുണ്ടായെന്നും ചികിത്സയിൽ അലംഭാവം ഉണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. കുട്ടിയുടെ ശരീരഭാരത്തിന് അനുസരിച്ചുള്ള മരുന്നാണ് നൽകിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, മെഡിക്കൽ ബോർഡിന്റെ നിഗമനങ്ങൾ കൂടി ലഭിച്ചശേഷം മാത്രമേ ചികിത്സാ പിഴവുണ്ടായോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിയ ഫൈസൽ മരിച്ചത്. ഏപ്രിൽ എട്ടിന് കുന്നിക്കോട് വിളക്കുടിയിൽ വീടിന് സമീപത്തുവെച്ചാണ് കുട്ടിയെ തെരുവുനായ കടിച്ചത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിൻ കൃത്യമായി നൽകിയില്ലെന്നും പരിചരണത്തിൽ വീഴ്ചയുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.

കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടിൽ ചികിത്സാ പിഴവില്ലെന്നാണ് കണ്ടെത്തിയതെങ്കിലും മെഡിക്കൽ ബോർഡിന്റെ പരിശോധനയും നിഗമനങ്ങളും ലഭിച്ച ശേഷമേ അന്വേഷണത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

Related Articles

Back to top button