പ്രാർത്ഥനയുടെ പേരിൽ പീഡനം… മതപ്രഭാഷകനെതിരെ കൂടുതൽ അന്വേഷണത്തിന്…

കൊല്ലം: പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരായ അന്വേഷണം ശക്തമാക്കി പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഓച്ചിറ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ലോഗറാണ് ഇയാൾ.
പ്രതി ഡയറക്ടറായി പ്രവർത്തിക്കുന്ന ഓച്ചിറ മേമനയിലെ ‘അൽ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി’ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ്, കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ മാസം ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന പ്രതി സ്ഥാപനത്തിന്റെ മറവിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അടുത്തകാലത്ത് ഓച്ചിറ ഭാഗത്ത് വൻതുക ചെലവഴിച്ച് ഭൂമി വാങ്ങുകയും നിർമാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായും വിവരമുണ്ട്. അൽ ഹബീബിയ്യ അക്കാദമിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണം ആരംഭിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പെൺകുട്ടികൾ ഇരകളായിട്ടുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ വസ്തുതയും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.



