കോവളം സ്പാ പീഡനക്കേസ്… പതിനാറുകാരിയെ നടത്തിപ്പുകാരൻ സജിത്തും…

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരനായ സജിത്തും പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. സജിത്ത് പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന സാക്ഷിമൊഴിയും പൊലീസിന് ലഭിച്ചു. സ്പാ ഉടമ അനുരൂപിനെയും സജിത്തിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.

സജിത്തിന്റെ ആവശ്യപ്രകാരമാണ് പെൺകുട്ടിയെ സ്പായിൽ എത്തിച്ചതെന്ന് കേസിൽ അറസ്റ്റിലായ ചിലർ മൊഴി നൽകിയിരുന്നു. അന്തർസംസ്ഥാന സെക്സ് റാക്കറ്റിലെ ഇടനിലക്കാരിയും ബെംഗളൂരു സ്വദേശിനിയുമായ വാണിയുമായി സജിത്തിന് അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയെ സ്പാ നടത്തിപ്പുകാർ പീഡിപ്പിച്ചിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചത്. പലതവണ ഭീഷണിപ്പെടുത്തിയാണ് സജിത്ത് പെൺകുട്ടിയെ സ്പായിൽ ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജിത്തിനെയും സ്പാ ഉടമ അനുരൂപിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തീരുമാനിച്ചത്. സ്പായിലെത്തിയ എത്രപേർ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. അതേസമയം, നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന അനുരൂപിനെ സർവീസിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇതുസംബന്ധിച്ച കത്ത് ഈ ആഴ്ച തന്നെ നഗരസഭാ അധികൃതർ സർക്കാരിന് കൈമാറും.

Related Articles

Back to top button