പി പി ദിവ്യക്കെതിരായ അന്വേഷണം….നിർണായക നീക്കവുമായി വിജിലൻസ്…

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്.
പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ കാര്‍ട്ടണ്‍ ഇന്ത്യാ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകള്‍ കിട്ടിയതിനD പിന്നില്‍ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലന്‍സ് നടപടി. കരാറുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലന്‍സ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
മോഡുലാര്‍ ടോയ്ലറ്റ് നിര്‍മാണം, എ ബി സി കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഫയലുകള്‍ പരിശോധിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. പൊതു മേഖലാ സ്ഥാപനമായ സില്‍ക്ക് വഴിയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ കിട്ടിയിരിക്കുന്നത്. അതിനാല്‍ സില്ക്കിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
