രാത്രി മുതൽ പുലർച്ചെ വരെ വൈദ്യുതിയില്ല, സ്ത്രീകളടക്കമുള്ള നാട്ടുകാർ കൈക്കുഞ്ഞുമായി വൈദ്യുതി ഓഫീസിൽ എത്തി

വൈദ്യുതി തടസം രാത്രി മുതൽ പുലർച്ചെ വരെ നീണ്ടതോടെ പ്രതിഷേധം അണപൊട്ടിയൊഴുകി. സ്ത്രീകളടക്കമുള്ള നാട്ടുകാർ കൈക്കുഞ്ഞുമായി വൈദ്യുതി ഓഫീസിൽ എത്തി. അപ്രഖ്യാപിത പവർകട്ടിന് പുറമെയാണ് തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ എരുമപ്പെട്ടി കുണ്ടന്നൂർ വൈദ്യുതി ഓഫീസിലെ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടത്. തുടർന്ന് കുണ്ടന്നൂർ വൈദ്യുതി ഓഫീസിന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ ഉള്ളവർ ഇവിടേക്ക് ഫോൺ വിളിച്ചെങ്കിലും ഫോണെടുക്കാത്ത സ്ഥിതിയായി. തുടർന്ന് നാട്ടുകാർ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. എരുമപ്പെട്ടിയിൽ സ്ഥിതിചെയ്യുന്ന കുണ്ടന്നൂർ വൈദ്യുതി ഓഫീസിന് കീഴിലുള്ള തിച്ചൂർ, കരിയന്നൂർ,എരുമപ്പെട്ടി, കടങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് വൈദ്യുതി ഓഫീസിൽ എത്തിയത്. തുടർന്ന് ഓഫീസിൽ ഉണ്ടായിരുന്ന ചില ജീവനക്കാരുമായി ഇവർ വൈദ്യുതിയും മുടക്കത്തെ സംബന്ധിച്ച് വാക്കു തർക്കത്തിൽഏർപ്പെടുകയും ചെയ്തു.

സംഭവമറിഞ്ഞ് എരുമപ്പെട്ടി പൊലീസും വൈദ്യുതി ഓഫീസിൽ എത്തി. മണിക്കൂറുകൾ നീണ്ട വൈദ്യുതി തടസ്സത്തിന്റെ വ്യക്തമായ കാരണം ബോധ്യമാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജീവനക്കാർ. കുണ്ടന്നൂർ വൈദ്യുതി ഓഫീസിലേക്ക് വൈദ്യുതി വിതരണ തടസ്സം നേരിട്ടാൽ രാത്രികാലങ്ങളിൽ വിളിക്കുമ്പോൾ ഫോൺ ജീവനക്കാർ എടുക്കുന്നില്ല എന്നും അത് മാറ്റിവയ്ക്കുകയാണെന്നും നാട്ടുകാർ പരാതി പറയുന്നു. ചാറ്റൽ മഴപെയ്താൽ അകാരണമായി ലൈൻ ഓഫ് ആക്കുന്നത് പതിവാണെന്നും നാട്ടുകാർ ആരോപിച്ചു. കുണ്ടന്നൂർ വൈദ്യുതി ഓഫീസിൽ മാത്രം ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി വിതരണ തടസ്സ പ്രശ്‌നം പരിഹരിക്കാൻ ഇതുവരെയും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നും പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതിനുശേഷമാണ് നാട്ടുകാർ ഓഫീസിൽ നിന്നും പിരിഞ്ഞു പോയത്. തിങ്കളാഴ്ച രാത്രി ഇടയ്ക്കിടെ ഉണ്ടായ അപ്രഖ്യാപിത പവർകേട്ടന് ശേഷമാണ് നീണ്ട രീതിയിൽ ഈ വൈദ്യുതി തടസ്സം ജനങ്ങൾ നേരിട്ടത്.

Related Articles

Back to top button