ഡിവൈഎസ്പി മധുബാബുവിൻ്റെ സ്ഥാനക്കയറ്റം….ഇത്രയും ആക്ഷേപമുള്ള ക്രിമിനലായ ഒരു ഉദ്യോഗസ്ഥൻ സേനയിൽ തന്നെയില്ല…

പത്തനംതിട്ട: വിവാദ ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ പത്തനംതിട്ടയിലെ മുൻ എസ് എഫ് ഐ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോട്. ഇത്ര അധികം ആക്ഷേപമുള്ള ക്രിമിനൽ ആയ ഒരു ഉദ്യോഗസ്ഥൻ സേനയിൽ തന്നെയില്ല. എസ് എഫ് ഐ നേതാവായിരുന്ന തന്നെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയ ആളാണ് മധുബാബു. അങ്ങനെ പലരെയും ദ്രോഹിച്ചിട്ടുണ്ട്. തന്റെ ഉൾപ്പെടെ നിരവധി പരാതികൾ ഹൈക്കോടതിയുടെ അടക്കം പരിഗണനയിലുണ്ട്.
ഒരിക്കലും ലോ ആൻഡ് ഓർഡറിൽ പോസ്റ്റ് ചെയ്യരുതെന്ന് ഉത്തരവുപോലുമുണ്ട്. എല്ലാം മറികടന്നുള്ള സർക്കാർ നീക്കം അങ്ങേയറ്റം തെറ്റാണെന്നും ജയകൃഷ്ണൻ തണ്ണിത്തോട് പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു ഉൾപ്പെടെ നേതാക്കളുമായി മുഖ്യമന്ത്രിയെ നേരിൽകണ്ട് മധു ബാബുവിനെതിരായ തെളിവുകൾ നൽകിയതാണ്. പിന്നെയും എന്ത് സ്വാധീനത്തിലാണ് മധുബാബു ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നതെന്ന് പരിശോധിക്കണമെന്നും ജയകൃഷ്ണൻ തണ്ണിത്തോട് പറഞ്ഞു.



