വീട്ടിൽ കയറി മർദ്ദനം.. നഗ്നനാക്കി ചൊറിയണം തേച്ചു… കസ്റ്റഡി മർദ്ദന ആരോപണങ്ങൾ നിലനിൽക്കെ ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

കസ്റ്റഡി മർദ്ദന ആരോപണങ്ങൾ നിലനിൽക്കെ വൈ എസ് പി എം.ആർ മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ. എസ്പിയാക്കാനുള്ള സെലക്ട് ലിസ്റ്റിൽ പത്താം സ്ഥാനക്കാരനായി പ്രൊമേഷൻ കമ്മിറ്റി മധുബാബുവിനെ ഉൾപ്പെടുത്തി. കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മധുബാബുവിനെതിരെ ഉണ്ടായിരുന്നത്. കസ്റ്റഡി മർദ്ദനത്തിൽ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി മധുവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയിൽ പോയി മധുബാബു ശിക്ഷയിൽ നിന്നും ഒഴിവായി. വകുപ്പ് തല നടപടികളെല്ലാം ഒഴിവാക്കിയ സാഹചര്യത്തിലാണ് സ്ഥാനകയറ്റത്തിന് ഉൾപ്പെടുത്തിയതെന്നാണ് ആഭ്യന്തരവകുപ്പിൻെറ വിശദീകരണം. നിലവിൽ ആലപ്പുഴ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് മധുബാബു. മധുബാബുവിനെ ക്രമസമാധാന ചുമതകളിൽ നിയമിക്കരുതെന്ന് ശുപാശ നേരത്തെ ഉണ്ടായിട്ടും അതും ഒഴിവാക്കിയിരുന്നു.
കേരള പൊലീസിൽ ഒട്ടേറെ തവണ ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയനായ ആളാണ് മധു ബാബു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ഒരു മാസം തടവിനും 1000 പിഴയടയ്ക്കാനും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. പള്ളിപ്പുറം സ്വദേശി സിദ്ധാർത്ഥനെ മർദ്ദിച്ച കേസിലായിരുന്നു നടപടി. 2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് ഈ മർദ്ദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർത്ഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദ്ദിച്ചു. സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർത്ഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മർദ്ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദ്ദനത്തിൽ സിദ്ധാർത്ഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.



