തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ബിജെപിയുടെ ഡിപ്പാർട്ട്മെൻറായി.. മുന്നറിയിപ്പുമായി കെസി വേണുഗോപാൽ

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്കാണ് ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ നീങ്ങുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ആരോപിച്ചു. രാഷ്ട്രീയ കക്ഷികളെ കൈകാര്യം ചെയ്യുന്നതിൽ കമ്മീഷൻ വ്യക്തമായ വിവേചനം കാണിക്കുന്നുവെന്നും ഈ നിലപാടുകൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും കെ സി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും ബി ജെ പിയുടെ ഒരു ഡിപ്പാർട്ട്മെന്റായി മാറി. പെരുമാറ്റച്ചട്ട ലംഘനവും അവകാശലംഘനവും നടത്തിയ പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ അവകാശലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഇതേ കമ്മീഷനാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം നടപടികളെ ജനങ്ങളുടെ മുന്നിൽ കോൺഗ്രസ് തുറന്നുകാട്ടും. പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങൾ പ്രതിപക്ഷം ആലോചിക്കും.സ്ത്രീ സംവരണ നിയമ ത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം പരാജയപ്പെട്ടതിനെ തുടർന്ന് പാർലമെന്റിലെ വോട്ടെടുപ്പിനെ പരാമർശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിട്ടും, കമ്മീഷന്റെ മൗനം ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ നിരവധി തവണ കോൺഗ്രസിന്റെ പേര് പറഞ്ഞ് പ്രസംഗിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.



