റാഗിങ് തടയാൻ ശുചിമുറി പൂട്ടി… സ്കൂളിൽ വിവാദ നടപടി

കോഴിക്കോട്: റാഗിങ് തടയാൻ വിവാദ നടപടിയുമായി സ്കൂൾ അധികൃതർ. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആൺകുട്ടികളുടെ ശുചിമുറി പ്രിൻസിപ്പൽ പൂട്ടിയിട്ടു. ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറന്ന് നൽകും. മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കാൻ പ്രിൻസിപ്പലിന്റെ അനുമതി വാങ്ങണമെന്നാണ് നിർദേശം. സംഭവം വിവാദമായതോടെ പിടിഎ ഇടപെട്ട് ശുചിമുറി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. നവീകരിച്ച ശുചിമുറി വൃത്തിഹീനമാകാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
അതേസമയം, കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ച സംഭവവും റിപ്പോർട്ട് ചെയ്തു. കൊളത്തൂർ എസ്.ജി.എം. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ആറു വിദ്യാർഥികൾക്കെതിരെ സ്കൂൾ നടപടി സ്വീകരിച്ചു. ഇവരെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.



