കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ചോരക്കളി… തടയാൻ ചെന്ന ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ…..

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് കടുത്ത സംഘർഷം. അക്രമം തടയാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ തടവുകാർ തിരിഞ്ഞതോടെ ജയിലിനുള്ളിൽ വലിയ തോതിലുള്ള ഏറ്റുമുട്ടൽ അരങ്ങേറി. ആക്രമണത്തിൽ ജയിൽ ജീവനക്കാരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റതായാണ് വിവരം. കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ നാടകീയ സംഭവങ്ങൾ ഉണ്ടായത്. മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ എന്ന തടവുകാരനാണ് ജയിലിനുള്ളിൽ സംഘർഷത്തിന് തുടക്കമിട്ടത്.
കണ്ണൂർ ജയിലിലെ ഒന്നാം ബ്ലോക്കിൽ തടവുകാർ തമ്മിൽ ഇന്നലെ ചില തർക്കങ്ങളും ഏറ്റുമുട്ടലുകളും നടന്നിരുന്നു. ഇതിന് പിന്നാലെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ സെല്ലിനുള്ളിൽ വെച്ച് ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മാരകമായി മുറിവേൽപ്പിക്കാൻ തുടങ്ങി. ജലാലുദ്ദീൻ സ്വയം മുറിവേൽപ്പിക്കുന്നു എന്ന വിവരമറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ അടിയന്തരമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. എന്നാൽ ജലാലുദ്ദീനെ പിന്തിരിപ്പിക്കാനും സെല്ലിൽ നിന്നും മാറ്റാനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ ജയിലിലെ മറ്റ് തടവുകാരായ കാപ്പ കേസ് പ്രതികൾ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയായിരുന്നു.
സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച ജയിൽ വാർഡൻമാരെയും മറ്റ് ജീവനക്കാരെയും കാപ്പ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതോടെ ജയിലിനുള്ളിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായി മാറി. അക്രമത്തിൽ ജയിൽ ജീവനക്കാർക്കും തടവുകാർക്കും അടക്കം 11 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തടവുകാരെയും ജയിൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി. ആരുടേയും പരുക്കുകൾ അതീവ ഗുരുതരമുള്ളതല്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. ജയിലിനുള്ളിലേക്ക് ബ്ലേഡ് ഉൾപ്പെടെയുള്ള മാരകവസ്തുക്കൾ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അക്രമം അഴിച്ചുവിട്ട കാപ്പ പ്രതികൾക്കെതിരെ ജയിൽ ചട്ടപ്രകാരമുള്ള കടുത്ത നടപടികളും പോലീസിൽ പരാതിയും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.



