നീറ്റിന് പിന്നാലെ കേന്ദ്ര പൊതുയോഗ്യതാ പരീക്ഷയിലും വൻ വീഴ്ച… ചോദ്യപേപ്പറിൽ….

രാജ്യത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടയിൽ, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പരീക്ഷയിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി പരാതി. ഭിന്നശേഷിക്കാർക്കായുള്ള വിവിധ ദേശീയ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന രീതിയിലുള്ള വൻ സുരക്ഷാ വീഴ്ചയും ആശയക്കുഴപ്പവും ഉണ്ടായത്. ചോദ്യപേപ്പറിൽ നെഗറ്റീവ് മാർക്കിനെക്കുറിച്ച് നൽകിയ തെറ്റായ നിർദ്ദേശമാണ് രാജ്യവ്യാപകമായി പരീക്ഷ എഴുതിയ ആയിരക്കണക്കിന് വിദ്യാർത്ഥികളെ കബളിപ്പിച്ചത്.

എന്നാൽ ഇത് കേവലം ഒരു ‘അച്ചടിപ്പിശക്’ മാത്രമാണെന്നാണ് അധികൃതർ നൽകുന്ന വിചിത്രമായ വിശദീകരണം. പരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിൽ പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുകൾ ഉണ്ടായിരിക്കില്ലെന്ന് കൃത്യമായി വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂൺ 28-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ലഭിച്ചപ്പോൾ വിദ്യാർത്ഥികൾ ഞെട്ടി. ചോദ്യപേപ്പറിലെ പ്രധാന നിർദ്ദേശങ്ങളുടെ ഭാഗത്ത് നെഗറ്റീവ് മാർക്ക് ഉണ്ടെന്നാണ് അച്ചടിച്ചു വന്നിരുന്നത്. ശരിയുത്തരങ്ങൾക്ക് 4 മാർക്ക് വീതം ലഭിക്കും. എന്നാൽ തെറ്റുത്തരങ്ങൾക്ക് 1 മാർക്ക് വീതം നെഗറ്റീവ് ആയി കുറയ്ക്കും. ഈ നിർദ്ദേശം കണ്ടതോടെ നെഗറ്റീവ് മാർക്ക് ഭയന്ന് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും തങ്ങൾക്ക് പൂർണ്ണ ഉറപ്പില്ലാത്ത നിരവധി ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്താതെ ഒഴിഞ്ഞുവെക്കുകയായിരുന്നു.

അതേസമയം, ചില പരീക്ഷാ കേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാർ പരീക്ഷാ സമയത്ത് തന്നെ ഇടപെടുകയും ചോദ്യപേപ്പറിലേത് അച്ചടിപ്പിശകാണെന്നും നെഗറ്റീവ് മാർക്കില്ലെന്നും വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കുകയും ചെയ്തു. ഇതോടെ ആ സെന്ററുകളിലെ വിദ്യാർത്ഥികൾ എല്ലാ ചോദ്യങ്ങൾക്കും ധൈര്യമായി ഉത്തരമെഴുതി. എന്നാൽ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളായ തിരുവനന്തപുരത്തും കോഴിക്കോടും ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും ഇൻവിജിലേറ്റർമാരുടെ ഭാഗത്തുനിന്നുണ്ടായില്ല. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മറ്റ് സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം കേരളത്തിലെ വിദ്യാർത്ഥികൾ അറിയുന്നത്. ഇതോടെ തങ്ങളുടെ മാർക്ക് വൻതോതിൽ കുറയുമെന്നും റാങ്ക് ലിസ്റ്റിനെ ഇത് ബാധിക്കുമെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.

ജൂൺ 28-ന് രാജ്യത്തെ 35 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖമായ 9 കേന്ദ്ര സ്ഥാപനങ്ങളിലെ 18 ഓളം റീഹാബിലിറ്റേഷൻ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തെയാണ് ഈ പരീക്ഷ ബാധിക്കുന്നത്. ഡൽഹി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, കൊൽക്കത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോ മോട്ടർ ഡിസെബിലിറ്റീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഗുരുതരമായ ഈ ക്രമക്കേടിനെക്കുറിച്ച് വിദ്യാർത്ഥികൾ ഉടനടി ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ മന്ത്രാലയം തയ്യാറായിട്ടില്ല.

Related Articles

Back to top button