സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്….

തിരുവനന്തപുരം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യങ്ങൾ ലഭ്യമാക്കിയാൽ ആളുകൾ വീര്യം കൂടിയ മദ്യങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ധനബില്ലിൽ മദ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒളിച്ചുകടത്തിയതാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം പൂർണ്ണമായും തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്.

ഇത് ബജറ്റിൽ കൃത്യമായി പ്രഖ്യാപിച്ചതാണെന്നും, ബജറ്റ് നിർദ്ദേശങ്ങൾ ധനബില്ലിലാണ് വരികയെന്ന കാര്യം പത്തുവർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് അറിയാത്തതാണോ എന്നും വി.ഡി. സതീശൻ പരിഹസിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയെക്കുറിച്ച് പഠിക്കാൻ 2021-ൽ തന്നെ സമിതിയെ നിയോഗിച്ചിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരാണ് ചട്ടം ഭേദഗതി ചെയ്ത് മദ്യങ്ങളെ വിവിധ കാറ്റഗറികളാക്കി മാറ്റിയത്. വളരെ നിസ്സാരമായ ഒരു വിഷയം വലിയ രീതിയിൽ ഊതിപ്പെരുപ്പിച്ച് ബജറ്റിന്റെ മഹിമ കെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിലൊന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്നും കൃത്യമായ പ്ലാനും വിഷനുമുള്ള സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നികുതിയിളവ് പെട്ടെന്ന് നടപ്പിലാക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. ധനബില്ല് പാസാക്കിയത് കൊണ്ട് മാത്രം മദ്യവിൽപ്പന ഉടനടി ആരംഭിക്കില്ല. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എക്സൈസ് വകുപ്പാണ്. വിൽപന നടത്തണമോ എന്ന് നിശ്ചയിക്കേണ്ടത് ബിവറേജസ് കോർപ്പറേഷനുമാണ്. മദ്യവിഷയത്തിന് പുറമെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ മുഖ്യമന്ത്രി, ബജറ്റിലൂടെ വിഭാവനം ചെയ്ത വികസന പദ്ധതികളുമായി സർക്കാർ ശക്തമായി മുന്നോട്ടുപോകുമെന്നും ഓർമ്മിപ്പിച്ചു.

Related Articles

Back to top button