വെനസ്വേലയിൽ അതിശക്തമായ ഇരട്ട ഭൂചലനങ്ങൾ… മരണസംഖ്യ 164 കടന്നു…

വെനസ്വേലയെ നടുക്കി ഒന്നിന് പുറകെ ഒന്നായി ഉണ്ടായ രണ്ട് അതിശക്തമായ ഇരട്ട ഭൂചലനങ്ങളിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഒടുവിൽ പുറത്തുവരുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 164 ആയി. 974-ലധികം ആളുകൾക്ക് കടുത്ത പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെയായിരുന്നു നാടിനെ വിറപ്പിച്ച ഭൂചലനം ഉണ്ടായത്. തുടക്കത്തിൽ മരണസംഖ്യ 32 ആണെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാലും പല ദുരന്തബാധിത പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായതിനാലും മരണസംഖ്യ ഇനിയും വൻതോതിൽ ഉയർന്നേക്കാമെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനസ്വേലയിലുണ്ടായ ഏറ്റവും കടുപ്പമേറിയ ഭൂചലനങ്ങളിലൊന്നാണിത്. യു.എസ്. ജിയോളജിക്കൽ സർവേയുടെ (USGS) റിപ്പോർട്ട് പ്രകാരം രണ്ട് വമ്പൻ പ്രകമ്പനങ്ങളാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ നാശം വിതച്ചത്. മൊണ്ടാൽബാൻ നഗരത്തിന് 17.6 മൈൽ വടക്കുപടിഞ്ഞാറായി 8.2 മൈൽ ആഴത്തിലാണ് ആദ്യ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.2 തീവ്രതയാണ് ഇതിൽ രേഖപ്പെടുത്തിയത്. ഒന്നാമത്തേത് നടന്ന് വെറും 39 സെക്കന്റുകൾക്ക് ശേഷം, ആദ്യ പ്രഭവകേന്ദ്രത്തിന് തൊട്ടുവടക്കായി 7.5 തീവ്രതയുള്ള രണ്ടാമത്തെ അതിശക്തമായ ഭൂചലനവും അനുഭവപ്പെട്ടു. ഇത് ആദ്യത്തേതിനേക്കാൾ വിനാശകരമായിരുന്നു. 7.5 തീവ്രതയുള്ള പ്രധാന ഭൂചലനത്തിന് തൊട്ടുമുമ്പുള്ള മുൻപ്രകമ്പനം മാത്രമായിരുന്നു ആദ്യത്തേതെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഭൂകമ്പത്തിന്റെ ആഘാതം വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നിന്നും ഏകദേശം 1050 മൈൽ അകലെയുള്ള ബ്രസീലിന്റെ ആമസോൺ മേഖലകളിൽ വരെ അനുഭവപ്പെട്ടു എന്നതിൽ നിന്ന് തന്നെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാണ്.

ഭൂചലനത്തെത്തുടർന്ന് വെനസ്വേലയിലെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളീവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതോടെ സർവീസുകൾ നിർത്തിവെച്ച് വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടി. രാജ്യത്തെ സ്കൂളുകൾക്ക് ദിവസങ്ങളോളം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ ചില സ്കൂളുകൾ താൽക്കാലിക അഭയകേന്ദ്രങ്ങളായും ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളായും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തീരദേശ സംസ്ഥാനമായ ഫാൽക്കണിൽ മാത്രം 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ നിരവധി മനുഷ്യർ കുടുങ്ങിക്കിടക്കുകയാണ്. തലസ്ഥാനമായ കാരക്കാസിലെ അൽതാമിറ പ്രദേശം പൂർണ്ണമായും തകർന്ന നിലയിലാണ്. കെട്ടിടങ്ങൾ തകരുകയും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് നഗരത്തിലെ റോഡുകളെല്ലാം അവശിഷ്ടങ്ങൾ കൊണ്ട് തടസ്സപ്പെട്ടു. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു.

കടൽത്തീരങ്ങളോട് ചേർന്ന പ്രദേശമായതിനാൽ നാഷണൽ വെതർ സർവീസിന്റെ യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനം പ്യൂർട്ടോ റിക്കോയിലും വിർജിൻ ദ്വീപുകളിലും സുനാമി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് കടലിൽ കാര്യമായ മാറ്റങ്ങളില്ലാത്തതിനാൽ ഇത് പിൻവലിച്ചു. ഇനിയും കടുത്ത തുടർചലനങ്ങൾ സംഭവിച്ചേക്കാമെന്നും അതിനാൽ ജനങ്ങൾ വീടുകൾക്കുള്ളിലേക്ക് കയറാതെ പുറത്തുതന്നെ തുടരണമെന്നും ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പരസ്പരം ആശയവിനിമയം നടത്തി എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലകളിലേക്ക് സൈന്യത്തെയും അടിയന്തര രക്ഷാസേനയെയും വിന്യസിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Articles

Back to top button